രാത്രി മദ്യം കുടിച്ചാല്‍ രാവിലെ ഡ്രൈവ് ചെയ്യാമോ? കര്‍ശന മുന്നറിയിപ്പുമായി ആര്‍ടിഒ
കൊച്ചി: രാത്രി മദ്യപിച്ച ശേഷം രാവിലെ വാഹനം ഓടിച്ചാല്‍ പ്രശ്‌നമില്ലെന്ന തെറ്റായ ധാരണയുള്ള ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്. കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള കേസുകളില്‍ നൂറുകണക്കിന് ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
എറണാകുളം ആര്‍ടി ഓഫീസിന് മുന്നില്‍ ഓരോ ബുധനാഴ്ചയും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഡ്രൈവര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പുള്ള ഹിയറിംഗിനായി എത്തുന്നവരാണ് ഇവര്‍. തലേദിവസം രാത്രി മദ്യപിച്ചതാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ രക്തത്തിലെ മദ്യത്തിന്റെ അളവ് നിയമപരിധിയെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. 2025ല്‍ എറണാകുളം ആര്‍ടി ഓഫീസില്‍ മാത്രം ആകെ 1,374 ഡ്രൈവിങ് ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം 520 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തപ്പോള്‍, അമിതവേഗം, അപകടങ്ങള്‍, ആവര്‍ത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ തുടങ്ങിയ മറ്റു കാരണങ്ങളാല്‍ 854 പേരുടെയും ലൈസന്‍സ് താല്‍കാലികമായി റദ്ദാക്കി. സെപ്റ്റംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ലൈസന്‍സ് സസ്‌പെന്‍ഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരെ ഉടന്‍ വിട്ടയക്കില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്‍പായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ നിര്‍ബന്ധിത ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കേണ്ടതുണ്ട്. ിടിയിലാകുന്നവരില്‍ ബസ്സ്, ലോറി ഡ്രൈവര്‍മാരുടെ എണ്ണം കൂടുതലാണെന്നത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ആര്‍ടിഒ കെ ആര്‍ സുരേഷ്, ജോയിന്റ് ആര്‍ടിഒ സി ഡി അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹിയറിങുകളും തുടര്‍നടപടികളും വേഗത്തിലാക്കി നടപ്പാക്കുന്നത്. പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
