'കേസ് മധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെ ?'; ഐടി വ്യവസായിക്കെതിരായ പീഡനപരാതിയില്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെതിരായ ലൈംഗിക പീഡന പരാതിയില്‍ സംശയമുന്നയിച്ച് സുപ്രിംകോടതിയുടെ നിരീക്ഷണം. ഒന്നുകില്‍ പരാതിക്കാരിയും വേണു ഗോപാലകൃഷ്ണനും തമ്മില്‍ നടന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരിക്കാമെന്നും അല്ലെങ്കില്‍ പരാതി കെട്ടിച്ചമച്ചതാകാമെന്നും ജസ്റ്റിസ് ബി വി നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. പരാതി നല്‍കാന്‍ ഒരുവര്‍ഷം കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്നും സുപ്രിംകോടതി ചോദിച്ചു. മീഡിയേഷന്‍ സെന്റര്‍ മുന്‍പാകെ ഹാജരാകാന്‍ സുപ്രിംകോടതി കക്ഷികളോട് നിര്‍ദേശിച്ചു.
വേണു ഗോപാലകൃഷ്ണനെതിരേ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്. എന്നാല്‍ വേണു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹണി ട്രാപ്പ് പരാതിയില്‍ അറസ്റ്റിലായ യുവതിയാണ് പിന്നീട് ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതെന്ന് ഐടി വ്യവസായിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗിയും രാകേന്ദ് ബസന്തും സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പരാതി നല്‍കാന്‍ ഒരുവര്‍ഷത്തെ കാലതാമസം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചത്. അഭിഭാഷകന്‍ തോമസ് ആനകലുങ്കലും വേണു ഗോപാലകൃഷ്ണനുവേണ്ടി ഹാജരായിരുന്നു.
വേണു ബാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടേയെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. പിന്നീടാണ് മീഡിയേഷന്‍ സെന്റര്‍ മുന്‍പാകെ ഹാജരാകാന്‍ സുപ്രിംകോടതി കക്ഷികളോട് നിര്‍ദേശിച്ചത്. ജനുവരി ഏഴിന് നേരിട്ടോ അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ ആണ് ഹാജരാകേണ്ടത്. മീഡിയേറ്ററുടെ റിപോര്‍ട്ട് വരുന്നതുവരെ വേണു ഗോപാലകൃഷ്ണന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും. പരാതിക്കാരിക്കുവേണ്ടി അഭിഭാഷകന്‍ എം എഫ് ഫിലിഫ്, സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
