ഇതര മതസ്ഥരായ വനിതകളെ എസ്ഡിപിഐ തട്ടമിട്ട് സ്ഥാനാര്‍ഥിയാക്കിയെന്ന വ്യാജ പ്രചാരണം; എസ്ഡിപിഐക്ക് അവിടങ്ങളില്‍ സ്ഥാനാര്‍ഥികളില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട പോളിങ് തുടങ്ങി. വടക്കന്‍ ജില്ലകളില്‍ ഇന്ന് കലാശക്കൊട്ടാണ്. വികസനവും അഴിമതിയുമൊക്കെ ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍, അവസാന നിമിഷങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്. എസ്ഡിപിഐ ഇതര മതസ്ഥരായ വനിതകളെ തട്ടമിട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'വിവേചനമില്ലാത്ത വികസനത്തിന് ചളിക്കവട്ടം 47ാംഡിവിഷന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി നിമ്മി ഫെഡ്രികിനെ വിജയിപ്പിക്കുക' എന്നുള്ള വാചകങ്ങളും വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രവും. 'വിവേചനമില്ലാത്ത വികസനത്തിന് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് നെടുങ്ങാണത്ത്കുന്ന് 10ാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി വേണി കൃഷ്ണയെ കണ്ണട അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക' എന്ന വാചകങ്ങളും വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രവുമാണ് പ്രചരിക്കുന്നത്. രണ്ടു സ്ഥാനാര്‍ഥികളും തല മറച്ച് ഹിജാബ് ധരിച്ചിട്ടുണ്ട്. മതേതരത്വത്തിന്റെ പേരില്‍ ഹിന്ദു-ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും എസ്ഡിപിഐ പാനലില്‍ മല്‍സരിക്കണമെങ്കില്‍ തലയില്‍ തട്ടമിടണമെന്ന് പരിഹസിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: 'മതേതരത്വം പൂത്തുലയാന്‍ തട്ടം നിര്‍ബന്ധാ..'
കൊച്ചി ചളിക്കവട്ടം 40ാം ഡിവിഷനാണ്, അല്ലാതെ പോസ്റ്ററില്‍ അവകാശപ്പെടുന്നതുപോലെ 47 അല്ല. 47ാം ഡിവിഷന്‍ പൂണിത്തുറയാണ്. രണ്ടു ഡിവിഷനുകളിലും ആരാണ് സ്ഥാനാര്‍ഥികളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് തിരഞ്ഞപ്പോള്‍ നിമ്മി ഫെഡ്രിക് എന്നൊരു സ്ഥാനാര്‍ഥി മല്‍സരിക്കുന്നില്ല, മാത്രമല്ല എസ്ഡിപിഐക്ക് രണ്ടിടത്തും സ്ഥാനാര്‍ഥിയില്ല.
അതുപോലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് നെടുങ്ങാണത്ത്കുന്ന് 10ാം വാര്‍ഡില്‍ എസ്ഡിപിഐക്ക് വേണി കൃഷ്ണയെന്നൊരു സ്ഥാനാര്‍ഥിയില്ല. അവിടുത്തെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലുണ്ട്. തെറ്റായ പ്രചരണമാണ് എസ്ഡിപിഐയുടെ പേരില്‍ നടത്തുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കിയിട്ടുണ്ട്.
