തടിയനെന്ന് വിളിച്ചു; പരിഹസിച്ചവരെ വെടിവച്ചിട്ട് യുവാവ്

Update: 2025-05-11 11:19 GMT

ഗോരഖ്പൂർ: വിരുന്നിനിടെ തന്നെ തടിയനെന്ന് വിളിച്ച് അപമാനിച്ചവരെ വെടി വച്ചിട്ട് യുവാവ്. ഉത്തർപ്രദേശ് ജില്ലയിലെ ഗോരഖ്പൂരാണ് സംഭവം. സംഭവത്തിൽ പോലിസ് യുവാവിനെ അറസ്റ്റു ചെയ്തു. ബെൻഘട്ട് സ്വദേശിയായ അർജുൻ ചൗഹാൻ ആണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ, അർജുൻ ചൗഹാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമ്മാവനൊപ്പം ഒരു സമൂഹ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. പരിപാടിക്കിടെ, മഞ്ജരിയയിൽ നിന്നുള്ള അനിൽ ചൗഹാൻ ശുഭം ചൗഹാൻ എന്നീ രണ്ടു വ്യക്തികൾ ഇയാളെ തടിയനെന്നു വിളിച്ച് കളിയാക്കി.

ഇതിനെ തുടർന്ന് ദേഷ്യം പിടിച്ച അർജുൻ ചൗഹാൻ തൻ്റെ സുഹൃത്തുമായി ചേർന്ന് പ്രതികാരം ചെയ്യാനിറങ്ങി. തങ്ങളുടെ മുമ്പിൽ പൊയ്കൊണ്ടിരുന്ന അനിൽ ചൗഹാനെയും ശുഭം ചൗഹാനെയും വാഹനത്തിൽ പിന്തുടർന്ന അർജുൻ ചൗഹാൻ അവരെ തടഞ്ഞു നിർത്തുകയും കാറിൽ നിന്നു വലിച്ചിറക്കി വെടി വക്കുകയുമായിരുന്നു. ശേഷം ഇവർ ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റവരെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ശുഭം ചൗഹാന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: