കോഴിക്കോട് എന്‍ഐടിയില്‍ രാത്രി 11-നുശേഷം കര്‍ശന നിയന്ത്രണങ്ങള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

Update: 2024-03-20 14:29 GMT

കോഴിക്കോട്: രാത്രി 11 മണിക്ക് ശേഷം കാംപസില്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് എന്‍ഐടി . നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഡീന്‍ പുതിയ ഉത്തരവ് ഇറക്കിയത്. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് കാംപമ്പസിന് അകത്തേക്ക് പോകാനുംകാംപസില്‍ നിന്ന് പുറത്ത് പോകാനും കഴിയില്ല.

കാംപസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ 11 മണിക്ക് മുമ്പ് മുറിയില്‍ എത്തിയിരിക്കണമെന്നും ഡീനിന്റെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

ആരോഗ്യകരമായ ഭക്ഷണ ശൈലിയാണ് ആവശ്യമെന്നും വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയും കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുന്നത് എന്നും ഡീന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നു, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നു എന്നീ കാരണങ്ങള്‍ പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Tags: