കോഴിക്കോട് മെഡിക്കൽ കോളജിലെ അഞ്ച് മരണങ്ങൾ പുക ശ്വസിച്ചോ? മെഡിക്കൽ ബോർഡ് ഇന്നു ചേരും

Update: 2025-05-03 01:49 GMT

കോഴിക്കോട്: ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച അ‍ഞ്ചു പേരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. ഗംഗ (34), ഗംഗാധരൻ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലൻ (65), സുരേന്ദ്രൻ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. എന്നാൽ ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗികൾ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ കാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും.

മെഡിക്കൽ കോളജ് പിഎംഎസ്എ‌സ്‌വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ സിടി സ്കാൻ വെള്ളിയാഴ്ച ഉച്ചവരെ തകരാറിലായിരുന്നു. വൈകിട്ടോടെയാണ് ഇതു നന്നാക്കിയത്. രാത്രി 7.40 ന് ആണ് എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽനിന്നു പൊട്ടിത്തെറിയുണ്ടായി പുക ഉയർന്നത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്നു പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ പറഞ്ഞു.