സ്ത്രീസുരക്ഷയെ കുറിച്ച് പറയാന്‍ സി കൃഷ്ണകുമാറിന് യോഗ്യതയില്ലെന്ന് പരാതിക്കാരി

Update: 2025-08-28 12:35 GMT

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി പരാതിക്കാരി. സ്ത്രീസുരക്ഷയെ കുറിച്ച് പറയാന്‍ സി കൃഷ്ണകുമാറിന് യാതൊരു യോഗ്യതയുമില്ല. താനല്ല പരാതി ചോര്‍ത്തിയതെന്നും സംസ്ഥാന ഉപാധ്യക്ഷന് നെല്ലും പതിരും ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പറയുന്നു. പരാതി നല്‍കുന്ന സമയത്ത് നിയമപരമായി പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. ആദ്യകാലത്ത് ഒരു അഭിഭാഷകന്റെ പോലും സഹായം ഇല്ലാതെയാണ് താന്‍ പൊരുതിയത്. അതുകൊണ്ടുതന്നെ പലപ്പോഴും തിരിച്ചടികള്‍ നേരിട്ടു. രാഷ്ട്രീയ സ്വാധീനം മൂലം പലരും ഈ കേസ് ഏറ്റെടുക്കുന്നതില്‍നിന്നും ഒഴിഞ്ഞുമാറിയെന്നും യുവതി മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പ് പറയുന്നു. കുറച്ചുവര്‍ഷം മുന്‍പ് കൃഷ്ണകുമാറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരുന്നത്. തുടര്‍ന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി മുരളീധരനോടും എം ടി രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കി. എന്നാല്‍, ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പരാതി പറയുന്നു.