'വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയില്‍'; കേന്ദ്ര വിദേശകാര്യമന്ത്രാലയം

Update: 2026-02-05 11:38 GMT

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ട്രംപിന്റെ അവകാശവാദത്തില്‍ വ്യക്തതമായ മറുപടി നല്‍കാതെ വിദേശകാര്യ മന്ത്രാലയം. വെനിസ്വേല ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയില്‍. മുന്‍പും വെനിസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാല്‍ പിന്നീട് അത് നിര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഊര്‍ജ്ജ സ്രോതസില്‍ തീരുമാനമെടുക്കുക ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിച്ചാകും എന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിപണി സാഹചര്യം മാറുന്നത് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമോയെന്ന കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചതായുള്ള ട്രംപിന്റെ അവകാശവാദത്തില്‍ വാണിജ്യ മന്ത്രിയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. 140 കോടി ഇന്ത്യക്കാരുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ തന്നെ നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്. അത് അങ്ങനെ തന്നെയായിരിക്കും. വെനസ്വേലയുമായി ഇന്ത്യക്ക് ദീര്‍ഘകാലമായി പങ്കാളിത്തമുണ്ട്. ലാഭകരമാണെങ്കില്‍ അവിടെ നിന്നോ മറ്റുസ്ഥലങ്ങളില്‍ നിന്നോ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യവക്താവ് പറഞ്ഞു.

വിപണി സാഹചര്യങ്ങള്‍ക്കും വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഊര്‍ജ്ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കും. ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍, വാണിജ്യമന്ത്രി കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതേസമയം ഇന്ത്യ-യുഎസ് വ്യാപാക്കരാര്‍ മാര്‍ച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞു. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ സംയുക്ത പ്രസ്താവന ഉണ്ടാകും. സംയുക്ത പ്രസ്താവനയ്ക്കു ശേഷം, താരിഫ് 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള ഉത്തരവ് യുഎസ് പുറപ്പെടുവിക്കും. 2047ലെ വികസിത് ഭാരത് ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കൂടുതല്‍ ഊര്‍ജ്ജ ഇറക്കുമതി ആവശ്യമാണെന്നും കേന്ദ്ര വാണിജ്യമന്ത്രി വ്യക്തമാക്കി.

2019-20 വരെ വെനസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം അത് നിര്‍ത്തേണ്ടിവന്നു. 2023-24ല്‍ വീണ്ടും വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. പക്ഷേ, വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അതും നിര്‍ത്തി. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വെനിസ്വേലയുടെ നാഷണല്‍ ഓയില്‍ കമ്പനിയായ പിഡിവിഎസ്എയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വെനസ്വേല ഉള്‍പ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യനേട്ടങ്ങള്‍ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനില്‍ തടവിലുള്ള 16 ഇന്ത്യന്‍ നാവികരില്‍ എട്ടുപേരെ ഇറാന്‍ വിട്ടയച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും ശേഷിക്കുന്ന എട്ടുപേരുടെ മോചനം സംബന്ധിച്ച് ഇറാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാര്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്നതില്‍ പ്രധാനമന്ത്രിയോ സര്‍ക്കാരോ വ്യക്തത നല്‍കിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.