ലാഭവിഹിതം വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെന്ന്; വ്യവസായി അറസ്റ്റില്‍

Update: 2025-10-31 12:58 GMT

കൊച്ചി: ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ വ്യവസായി അറസ്റ്റില്‍. ചെന്നൈയിലെ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദിനെയാണ് കൊച്ചി സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ടുപേരില്‍ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്‌നാട് സ്വദേശിയും കേസില്‍ പ്രതിയാണ്. ഷര്‍ഷാദിനെ രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനുമെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുഹമ്മദ് ഷര്‍ഷാദ് സിപിഎം പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്നാരോപിച്ചാണ് ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തു നല്‍കിയത്. സിപിഎം നേതാക്കളുടെ ബെനാമിയാണ് രാജേഷ് കൃഷ്ണ എന്ന് കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്.