ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 14 മരണം, നിരവധിപേര്‍ക്ക് പരിക്ക്

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2026-01-09 16:47 GMT

ഷിംല: ഹിമാചല്‍പ്രദേശിലെ സിര്‍മൗറില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 14 പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേര്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്ന് 3:30 ഓടെയായിരുന്നു സംഭവം. കുപ്വിയില്‍ നിന്ന് ഷിംലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ഹരിപൂര്‍ ധാര്‍ മാര്‍ക്കറ്റില്‍ നിന്ന് പുറപ്പെട്ട ബസ് ശ്രീ രേണുക ജി നിയമസഭാ മണ്ഡലത്തിലെ ഹരിപൂര്‍ ധറിന് സമീപത്തു വച്ചാണ് അപടകത്തില്‍ പെടുന്നത്. വിവരം ലഭിച്ച ഉടനെ പോലിസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അപകടത്തില്‍പ്പെട്ട ബസില്‍ ഏകദേശം 66 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരുമെന്നും അപകട കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ സിര്‍മൗര്‍ എസ്പി എന്‍ എസ് നേഗി അപകട സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Tags: