ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 18 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ ബസാണ് ഇന്ന് രാവിലെ ആറുമണിയോടെ അപകടത്തില്‍പ്പെട്ടത്.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം.