
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വീണ് പതിനാറുകാരന്‍ മരിച്ചു. ചെല്ലാനം സ്വദേശി പവന്‍ സുമോദ് (16) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. മാലാഖപ്പടിയില്‍ നിന്ന് ബസ് എടുത്ത് മുന്നോട്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്നും പവന്‍ തുറന്നുകിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് ചാടുന്നതായാണ് ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കുട്ടി അശ്രദ്ധമൂലം, തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക് വീണതാവാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ രണ്ട് സാഹചര്യമാണെങ്കിലും കുട്ടി, ചാടാനോ അല്ലെങ്കില്‍ വീഴാനോ ഇടവരുത്തിയത് ബസിന്റെ തുറന്നുകിടന്ന വാതിലാണ്. ഡ്രൈവറിന് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലായിരിക്കും ബസിലെ ഇത്തരം വാതിലുകള്‍ അടയ്ക്കാനുള്ള സ്വിച്ച് സ്ഥാപിച്ചിരിക്കുക. ഈ സാഹചര്യത്തില്‍, ബസ് സ്റ്റോപ്പില്‍ നിന്നും പുറപ്പെട്ടിട്ടും ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതിനാണ് പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.