കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: ഇരകള്‍ ഇപ്പോഴും കൊടും തണുപ്പില്‍; ഫ്‌ളാറ്റ് കൈമാറ്റം വൈകുന്നു

Update: 2026-01-04 05:31 GMT

യെലഹങ്ക: കോൺഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിലെ ഇരകൾക്ക് ഫ്ലാറ്റ് കൈമാറി പുനരധിവസിപ്പിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയയുടെ പ്രഖ്യാപനം നടപ്പായില്ല. പുലർച്ചെയെത്തി ബുൾഡോസറുകൾ കൊണ്ട് വീടുകള്‍ തകര്‍ത്ത യെലഹങ്ക കൊഗിലുവിലെ ഫക്കീർ കോളനിയിലെയും മറ്റും 200ലധികം കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ നടപടികളാണ് വൈകുന്നത്. ജനുവരി ഒന്നു മുതല്‍ ഫ്ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ജനുവരി നാലായിട്ടും നടപടികളൊന്നും ഉണ്ടായില്ല. അര്‍ഹരായവര്‍ക്ക് ബൈയപ്പനഹള്ളിയില്‍ ജനുവരി ഒന്നു മുതല്‍ വീട് കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.  

ബൈയപ്പനഹള്ളിയില്‍ നിർമാണം പൂർത്തിയായ ഫ്ലാറ്റ് കുടിയിറക്കപ്പെട്ടവരിൽ നിന്ന് അഞ്ചുലക്ഷം കൈപറ്റി നൽകുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ആക്രി വിറ്റും ഭിക്ഷയെടുത്തും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ഇത് അസാധ്യമായതിനാൽ തീരുമാനം വിവാദമായി. 11.8 ലക്ഷത്തോളം വില വരുന്ന ഫ്ലാറ്റ് വിവിധ സബ്സിഡികൾ കഴിച്ച് അഞ്ചു ലക്ഷം നൽകണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഇത് രാഷ്ട്രീയ വിവാദമായതോടെ സർക്കാർ മലക്കം മറിഞ്ഞു. 

കേരളത്തിൽ നിന്നുള്ള എംപി, എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും കർണാടകയിലെ എസ്ഡിപിഐ നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബുൾഡോസർ രാജ് രാഷ്ട്രീയ വിവാദമായത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുകയും കൂടി ചെയ്തതോടെ വിവാദം കത്തി. പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത യോഗം വിളിച്ച് പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പ്രസ്തുത ഫ്ലാറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ലെന്നാണ് സൂചന. 

അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള സര്‍വേ പോലും പൂര്‍ത്തിയായിട്ടില്ല. ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നവരില്‍ പലരും പുനരധിവാസ പട്ടികയിലില്ലെന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടോളം ജീവിച്ച, ആധാർ കാർഡും റേഷൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിട്ടും ഒറ്റരാത്രിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഇപ്പോഴും കൊടും തണുപ്പിൽ തന്നെ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഒരുക്കാന്‍ പോലും കർണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉണ്ട്. ശുചിമുറികളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെ വൃത്തി കുറഞ്ഞ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും ഇപ്പോഴും കഴിയുന്നത്. 

2025 ഡിസംബർ 20ന് പുലര്‍ച്ചെ നാലോടെയാണ് യെലഹങ്ക കൊഗിലു ഗ്രാമത്തിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കിയത്. ഉര്‍ദു ഗവണ്‍മെന്റ് സ്‌കൂളിനു സമീപത്തെ കുളം കൈയേറിയാണ് താമസിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ 'ബുള്‍ഡോസര്‍ രാജി'ലൂടെ നാനൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും 350ലധികം കുടുംബങ്ങള്‍ പെരുവഴിയിലാവുകയും ചെയ്തു.