കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: പുനരധിവാസം വൈകുന്നതിനെതിരേ പ്രതിഷേധ മാര്‍ച്ചുമായി ഇരകള്‍

Update: 2026-01-06 16:42 GMT

ബെംഗളൂരു: ബുൾഡോസർ രാജിലൂടെ വീടുകൾ തകർത്ത യെലഹങ്കയ്ക്കടുത്തുള്ള ഫക്കീര്‍ കോളനിയിലേയും വസിം ലേ ഔട്ടിലേയും പുനരധിവാസം വൈകുന്നതിന്നെതിരേ വിവിധ സംഘടനകളും ഇരകളും പ്രതിഷേധ യോഗം നടത്തി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ബദല്‍ താമസ സൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ പ്രദേശത്ത് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഭക്ഷണവും ആരോഗ്യ സൗകര്യങ്ങളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചത്. ഗര്‍ഭിണികളും കുഞ്ഞുങ്ങളും വൃദ്ധരും അടക്കം ആയിരത്തിലധികം മനുഷ്യര്‍ രണ്ടാഴ്ചയിലേറെയായി കൊടും തണുപ്പിലും തെരുവിലാണ്. കോൺഗ്രസ് സർക്കാരിൻ്റെ ബുൾഡോസർ രാജ് വൻ വിവാദമായതോടെ ജനുവരി ഒന്നിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇന്ന് വരെ പാലിക്കപ്പെട്ടിട്ടില്ല.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി വീടുകള്‍ പൊളിച്ചുമാറ്റിയതിന്റെ 16ാം ദിവസമായ ഞായറാഴ്ച, പുതുതായി രൂപീകരിച്ച കൊഗിലു ചേരി നിവാസികളുടെ സമര സമിതിയുടെ ബാനറിലാണ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ആരംഭിച്ച പൊതുയോഗം സംഘടിപ്പിച്ചത്. ദലിത് സംഘടനകള്‍, അഖിലേന്ത്യാ ജനവാദി മഹിളാ സംഘടന, ദുഡിയുവ ജനറ വേദികെ, നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍, സിപിഐ, സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍, ഇസ് ലാമിക വിദ്യാര്‍ഥി ഗ്രൂപ്പുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു.

അതേസമയം, കുടിയിറക്കപ്പെട്ട താമസക്കാരെ 'ബംഗ്ലാദേശികള്‍' എന്ന് മുദ്രകുത്തുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരേയും യോഗം അപലപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് ദുരിതബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രഭാഷകര്‍ ശക്തമായി അപലപിച്ചു.

'വര്‍ഷങ്ങളായി താമസക്കാര്‍ അവിടെ താമസിച്ചിരുന്നു. ഭൂമി സര്‍ക്കാരിന്റേതാണെങ്കില്‍ പോലും, പൊളിച്ചുമാറ്റല്‍ വരെ അവര്‍ക്ക് വീടില്ലായിരുന്നു,' ദുഡിയുവ ജനാര വേദികെയുടെ പ്രതിനിധി നന്ദിനി പറഞ്ഞു. അര്‍ഹരായ മറ്റ് ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭവന മന്ത്രി ബി സഡ് സമീര്‍ അഹമ്മദും വാഗ്ദാനം ചെയ്തതുപോലെ കൊഗിലു നിവാസികളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കുടുംബങ്ങള്‍ രണ്ടാഴ്ചയിലധികം മണ്‍കൂനകളില്‍ കിടക്കേണ്ടി വരുന്ന സാഹചര്യത്തില്‍, പുനരധിവാസം ഒരു അടിയന്തരാവസ്ഥയായി കണക്കാക്കണമെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്നില്ലെന്നും ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍ കഴിയുന്നില്ലെന്നും താമസക്കാര്‍ പറഞ്ഞു. പ്രഖ്യാപിച്ച പുനരധിവാസം ഉടന്‍ നടത്തണം. അതുവരെ ഭക്ഷണവും മരുന്നും, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ആവശ്യപ്പെട്ടു.

2025 ഡിസംബർ 20ന് പുലര്‍ച്ചെ നാലോടെയാണ് യെലഹങ്ക കൊഗിലു ഗ്രാമത്തിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ 'ബുള്‍ഡോസര്‍ രാജി'ലൂടെ നാനൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയും 200ലധികം കുടുംബങ്ങള്‍ പെരുവഴിയിലാവുകയും ചെയ്തിരുന്നു.

Tags: