കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപി നയം പിന്തുടരുന്നു- സിപിഎ ലത്തീഫ്

Update: 2025-12-26 12:01 GMT

കോഴിക്കോട്: ബാംഗ്ലൂരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജ് അപലപനീയമാണെന്നും ബിജെപിയുടെ നയമാണ് കോണ്‍ഗ്രസിന്റെതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ് പാര്‍പ്പിടം. അതു ഉറപ്പുവരുത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം ഓരോ സര്‍ക്കാരിനുമുണ്ട്. അനധികൃത കെട്ടിടങ്ങള്‍ എന്നുപറഞ്ഞ് നാനൂറോളം കുടുംബങ്ങളെ കൊടും തണുപ്പില്‍ പെരുവഴിയിലേക്ക് ഇറക്കിവിട്ട കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമീപനം ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ അനുകരിക്കലാണ്.

30 വര്‍ഷമായി താമസിച്ചിരുന്ന പ്രദേശവാസികളെ അവരുടെ വസ്ത്രങ്ങള്‍ രേഖകള്‍ ഗൃഹോപകരണങ്ങള്‍ എന്നിവകള്‍ പോലും എടുക്കാന്‍ സമ്മതിക്കാതെ നിഷ്ഠൂരമായി നടത്തിയ ഈ കുടിയൊഴിപ്പിക്കല്‍ പൗരന്മാരോടുള്ള യുദ്ധപ്രഖ്യാപനമാണ്. വെറുപ്പിന്റെ ചന്തയിലെ സ്‌നേഹത്തിന്റെ കട എന്ന പൈങ്കിളി വ്യാഖ്യാനങ്ങള്‍ കൊണ്ട് ഇത്തരം ഭരണകൂട ഭീകരതയെ വെള്ളപൂശാന്‍ കഴിയില്ല. രാജ്യത്തെ സംഘപരിവാര ഫാഷിസ്റ്റുകളുടെ കയ്യിലേക്ക് എത്തിച്ചത് മുന്‍കാല കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ ഉത്തരം നടപടികള്‍ ആയിരുന്നു എന്നത് മറന്നുപോകരുത്. പിഞ്ചു കുട്ടികളും വയോവൃദ്ധരും അടക്കമുള്ള 3,000 ത്തോളം മനുഷ്യരെ പുലര്‍കാലത്ത് ബുള്‍ഡോസറുകളുമായി വന്ന് വീടുകള്‍ ഇടിച്ചു നിരത്തി കൊടും തണുപ്പില്‍ തെരുവിലേക്ക് ഇറക്കിയതിന് കര്‍ണാടക സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ വംശീയ താല്‍പര്യത്തോടെയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബാബരി മസ്ജിദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാം എന്ന കോണ്‍ഗ്രസിന്റെ ബുദ്ധിശൂന്യതയ്ക്ക് രാജ്യം തന്നെ ഇന്ന് കനത്ത വില നല്‍കേണ്ടി വന്നിരിക്കുകയാണ്. ഇനിയും പാഠം പഠിക്കാതെ യോഗി സര്‍ക്കാരിനെ അനുകരിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ ജനകീയ പോരാട്ടങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരിടേണ്ടി വരുമെന്നും എത്രയും വേഗം ഇരകളെ പുനരധിവസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: