കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബെംഗളൂരു തനിസാന്ദ്രയില്‍ പുലര്‍ച്ചെ തകര്‍ത്തത് 60 വീടുകള്‍

Update: 2026-01-08 10:51 GMT

ബെംഗളൂരു: കര്‍ണാടകയിലെ തനിസാന്ദ്രയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. ഇന്ന് പുലര്‍ച്ചെയാണ് അറുപതോളം വീടുകള്‍ തനിസാന്ദ്രയില്‍ പൊളിച്ചുമാറ്റിയത്. നോട്ടിസ് കൊടുക്കാതെയാണ് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പുലര്‍ച്ചെ ഏഴുമണിയോടെയാണ് സംഭവം. ഡസണ്‍ണക്കിന് വരുന്ന ആളുകളാണ് ഇതോടെ ഭവനരഹിതരായത്. ഗവണ്‍മെന്റിന്റെ സ്ഥലം കൈയ്യേറിയാണ് വീടുകള്‍ ഉണ്ടാക്കിയതെന്നാണ് അതോറിറ്റിയുടെ വാദം.

എന്നാല്‍ നിയമപരമായി വാങ്ങിച്ച സ്ഥലത്ത് തങ്ങള്‍ നിര്‍മ്മിച്ച വീടുകളാണ് അതോറിറ്റി പൊളിച്ചുമാറ്റിയതെന്നും അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. പലരും വീടുകള്‍ വാങ്ങിച്ചിട്ട് ഏകദേശം മുന്നു മാസം പൂര്‍ത്തിയാകുന്നേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

കാലങ്ങളായി സൂക്ഷിച്ചുവച്ച തങ്ങളുടെ സമ്പാദ്യം നല്‍കി വാങ്ങിയ വീട് കണ്‍മുന്നില്‍ പൊളിഞ്ഞുവീഴുന്നതു കണ്ട ഞെട്ടലില്‍ നിന്ന് ഇനിയും പലരും മുക്തരായിട്ടില്ല. നിരവധി പേര്‍ ബുള്‍ഡോസര്‍രാജിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. മരിക്കേണ്ടി വന്നാലും തങ്ങള്‍ ഇവിടം വിട്ട് പോകില്ലെന്ന് വ്യക്തമാക്കി.

Tags: