ഐ ലവ് മുഹമ്മദ് പോസ്റ്ററിനെതിരായ ഹിന്ദുത്വ പ്രതിഷേധവും സംഘര്‍ഷവും; ഗാന്ധിനഗറില്‍ 190 കെട്ടിടങ്ങള്‍ പൊളിച്ചു

Update: 2025-10-09 07:52 GMT

ഗാന്ധിനഗര്‍: 'ഐ ലവ് മുഹമ്മദ്' പോസ്റ്ററിനെ ഹിന്ദുത്വന്‍ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകളും കെട്ടിടങ്ങളും പൊളിച്ച് സര്‍ക്കാര്‍. ഗാന്ധിനഗറിലെ ബഹിയാലിലാണ് ഭരണകൂട ഭീകരത നടക്കുന്നത്.

ഐ ലവ് മുഹമ്മദ് പോസ്റ്ററിനെതിരെ മോശം ക്യാംപയിന്‍ നടത്തിയ ഹിന്ദുത്വന്റെ കട സെപ്റ്റംബര്‍ 24 രാത്രിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെ കൂടുതല്‍ ഹിന്ദുത്വര്‍ രംഗത്തെത്തി വലിയ സംഘര്‍ഷം രൂപപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെയാണ് സംഘര്‍ഷത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങളും കടകളും കെട്ടിടങ്ങളും പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകദേശം 190 നിര്‍മാണങ്ങളാണ് പൊളിക്കുന്നത്. ഭരണകൂട നടപടിക്ക് പിന്നാലെ ബഹിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സാന ഭാനു സജ്ജാദ് ഹുസൈന്‍ രാജിവച്ചു. കാരണമൊന്നും കാണിക്കാതെയാണ് രാജി.