സന്‍ആ: യെമനില്‍ വ്യോമാക്രമണം നടത്തിയ യുഎസിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹൂത്തികള്‍. യുഎസ് പ്രസിഡന്റ് ട്രംപ് ആണോ ബൈഡന്‍ ആണോ എന്നതൊന്നും വിഷയമല്ലെന്നും തിരിച്ചടിക്കുമെന്നും അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് അല്‍ ബുഖൈതി പറഞ്ഞു. ഗസയിലെ വംശഹത്യ തടയാന്‍ യെമന്‍ സൈന്യം നിരവധി നടപടികള്‍ സ്വീകരിച്ചു. വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും പിന്‍മാറാന്‍ തുടങ്ങിയ ഇസ്രായേല്‍, ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടയുകയും കൂടി ചെയ്തതോടെ ചെങ്കടലില്‍ ഇസ്രായേലി കപ്പലുകള്‍ക്ക് ഉപരോധം പ്രഖ്യാപിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്നാണ് യെമനില്‍ യുഎസ് വ്യോമാക്രണം നടത്തുന്നതെന്ന് മുഹമ്മദ് അല്‍ ബുഖൈതി ചൂണ്ടിക്കാട്ടി.
യുഎസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയത് കൊണ്ട് യെമന്റെ നടപടികള്‍ക്ക് മാറ്റമുണ്ടാവില്ല. ബൈഡനോ ട്രംപോ അധികാരത്തിലിരുന്നാലും യെമന്‍ സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോവും. ബൈഡന്റെ കാലത്ത് യുദ്ധം നയതന്ത്രപരമായും നടന്നിരുന്നു. ഇപ്പോള്‍ യുദ്ധം നേരിട്ടുള്ളതായി മാറി എന്നത് മാത്രമാണ് വ്യത്യാസമെന്നും മുഹമ്മദ് അല്‍ ബുഖൈതി പറഞ്ഞു.