'ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക്, ഈ ചുരുങ്ങിയ കാലയളവില്‍ ഏത് പദ്ധതിയാണ് നടപ്പാക്കാന്‍ കഴിയുന്നത്'; രമേശ് ചെന്നിത്തല

Update: 2026-01-29 13:36 GMT

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. ഈ ഗവണ്‍മെന്റിന് ആകെ ഒന്നര മാസമാണ് കാലാവധി ബാക്കിയുള്ളത്. ഈ ചുരുങ്ങിയ കാലയളവില്‍ ഏത് പദ്ധതിയാണ് നടപ്പാക്കാന്‍ കഴിയുന്നത്? ഇത് ജനങ്ങളെ കബളിപ്പിക്കല്‍ മാത്രമാണ്. സ്വപ്നങ്ങളോ പ്രായോഗികതയോ ഇല്ലാത്ത, യാഥാര്‍ത്ഥ്യബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടാണ് ഇതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ശതമാനത്തില്‍ പോലും പദ്ധതി ചെലവ് നടത്താന്‍ കഴിയാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

ഒരു ഭാഗത്ത് അതിവേഗ പാതയെന്നും മറുഭാഗത്ത് കെ-റെയില്‍ എന്നും പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് സര്‍ക്കാരിന് തന്നെ വ്യക്തതയില്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. എന്നാല്‍ കെ-റെയില്‍ പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. വന്‍തോതിലുള്ള കടമെടുപ്പാണ് ഇതിനാവശ്യം. റെയില്‍വേ പാളങ്ങളിലെ വളവുകള്‍ നിവര്‍ത്തിയും സിഗ്‌നലിങ് പരിഷ്‌കരിച്ചും നിലവിലുള്ള പാത വേഗത്തിലാക്കാന്‍ കഴിയും. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ആ മഞ്ഞക്കുറ്റികള്‍ പിഴുതെറിയണമെന്നാണ് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥന.

കോടിക്കണക്കിന് രൂപ ചെലവാക്കിയ കെ-ഫോണ്‍ പദ്ധതി കൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ-ഫോണിന്റെ നിലവിലെ സ്ഥിതി എന്താണ്? ആര്‍ക്കാണ് അതുകൊണ്ട് ഗുണമുള്ളത്? ഇതെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള തട്ടിക്കൂട്ട് വിദ്യകള്‍ മാത്രമാണ്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തതും ബജറ്റിലെ വലിയ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ഐസക്കിന്റെ കാലത്ത് പ്രഖ്യാപിച്ച 2,500 കോടിയുടെ കുട്ടനാട് പാക്കേജും, വയനാട്, ഇടുക്കി പാക്കേജുകളും എങ്ങുമെത്തിയില്ല. പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബജറ്റില്‍ ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags: