ബജറ്റ്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യ; എസ്ഡിപിഐ

Update: 2026-01-29 12:13 GMT

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരളാ ബജറ്റ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യ മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. ഏട്ടിലെ പശു പുല്ല് തിന്നുകയില്ല എന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതാണ് ഇടതു സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍. നടപ്പു സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ആഭ്യന്തര കടം പെരുകുകയും ഖജനാവ് കാലിയാവുകയും ചെയ്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ചുള്ള മോഹന വാഗ്ദാനങ്ങളാണ് ബജറ്റിലേറെയും.

10 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ എങ്ങിനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള 612 കോടി രൂപ ബജറ്റില്‍ നിന്നു വെട്ടിക്കുറച്ച സര്‍ക്കാര്‍ ഇത്തവണ വലിയ കബളിപ്പിക്കല്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിനുള്‍പ്പെടെ സാമൂഹിക നീതി ഉറപ്പാക്കുന്നതിനോ അടിസ്ഥാന ജനതയുടെ ഉന്നമനത്തിനോ അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിച്ചത് മറച്ചു പിടിക്കാനുള്ള ശ്രമവും ഈ ബജറ്റില്‍ വ്യക്തമാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലിലൊന്നു പോലും ചെലവഴിച്ചിട്ടില്ല എന്നത് വിസ്മരിച്ചാണ് പുതിയ പ്രഖ്യാപനം. വോട്ട് മാത്രം ലാക്കാക്കി ചില വിഭാഗങ്ങളെ പരമാവധി പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും സി പി എ ലത്തീഫ് അഭിപ്രായപ്പെട്ടു.