ഫത്തേപൂരിലെ മഖ്ബറയിലെ ഖബര്‍ തകര്‍ത്ത സംഭവം; സംഭവത്തെ അപലപിച്ച് ബിഎസ്പി നേതാവ് മായാവതി

Update: 2025-08-12 06:27 GMT

ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലെ മഖ്ബറ-ക്ഷേത്ര തര്‍ക്കത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കള്‍. സംഭവത്തില്‍ എസ്പി പ്രസിഡന്റ് അഖിലേഷ് യാദവും ബിഎസ്പി മേധാവി മായാവതിയും പ്രതികരണം അറിയിച്ചു. സംഭവത്തെ അപലപിച്ച ബിഎസ്പി മേധാവി മായാവതി ട്വീറ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുകയും സാഹോദര്യം തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ പറഞ്ഞു.

ഹിന്ദു മഹാസഭയിലെ ചിലര്‍ ഖബര്‍ തകര്‍ക്കുകയും പൂജ നടത്തുകയും ചെയ്തു. എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കണമായിരുന്നു, അന്തരീക്ഷം നശിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും മുസ് ലിം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റിസ്വി പറഞ്ഞു, മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഫത്തേപൂരില്‍ നടന്ന സംഭവം ബിജെപി അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്ന് എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും നുണകള്‍ പുറത്തുവരുമ്പോള്‍, ഐക്യം തകര്‍ക്കാന്‍ ഒരു ഗൂഢാലോചന നടക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ തന്ത്രം മനസ്സിലായി. ഈ സംഭവത്തിന്റെ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Tags: