ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യം കസ്റ്റഡിയിലെടുത്ത അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥന്‍ പൂര്‍ണം കുമാര്‍ ഷാ ഇന്ത്യയിലെത്തി. ഇന്ന് അട്ടാരിയിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് ജവാനെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി.
ഏപ്രില്‍ 23നാണ് പാകിസ്താന്‍ അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ഷായെ പാകിസ്ഥാന്‍ പിടികൂടിയത്. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം.
ജമ്മുകശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള 3,323 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി കാവല്‍ നില്‍ക്കുക എന്നതാണ് ബിഎസ്എഫിന്റെ ചുമതല. പട്രോളിങ്ങിനിടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് സാധാരണമാണ്, സാധാരണയായി ഫ്‌ലാഗ് മീറ്റിംഗ് വഴിയാണ് ഇത് പരിഹരിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കാരണം, ഷായുടെ മോചനത്തിനായി അത്തരമൊരു യോഗം നടത്തണമെന്ന അഭ്യര്‍ഥനകളോട് പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ നിരന്തരമായ ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കും ശേഷമാണ് പൂര്‍ണം കുമാര്‍ ഷായെ ഇന്ത്യക്ക് കൈമാറിയത്.