അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു
അട്ടപ്പാടി കരുവാര ഊരിലാണ് അപകടം, സംഭവത്തില്‍ ബന്ധുവായ കുട്ടിക്ക് പരിക്ക്
പാലക്കാട്: അട്ടപ്പാടിയില്‍ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് സംഭവം. സഹോദരങ്ങളായ ആദി(7), അജ്‌നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ ചികില്‍സയിലാണ്.
മുക്കാലിയില്‍ നിന്നും നാലു കിലോമീറ്റര്‍ വനത്തിനകത്തുള്ള ഊരിലാണ് അപകടം. വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഇത് ആള്‍താമസമില്ലാത്ത വീടായിരുന്നു. കുട്ടികള്‍ ഇവിടെ കളിക്കാന്‍ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. എട്ടു വര്‍ഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് അപകടം. മേല്‍ക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയില്‍ കൊണ്ടും ദുര്‍ബലമായ അവസ്ഥയിലായിരുന്നു.
സ്ഥിരമായി കുട്ടികള്‍ ഇതിനു മുകളില്‍ കയറാറുണ്ട്. വീട്ടുകാരും ഈ വീടിനു മുകളില്‍ തുണി ഉണക്കാന്‍ ഇടാനെത്താറുണ്ട്. സ്‌കൂളില്ലാത്തതിനാല്‍ കുട്ടികള്‍ കളിക്കാനെത്തിയപ്പോഴാണ് അപകടം. അജയ്-ദേവി ദമ്പതികളുടെ മക്കളാണ് മരണപ്പെട്ട ആദിയും അജ്‌നേഷും. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോര്‍ച്ചറിയിലാണ്.