വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Update: 2025-07-20 13:18 GMT

കൊച്ചി: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി അറസ്റ്റില്‍. ചങ്ങനാശേരി തുരുത്തി സ്വദേശി ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിനെയാണ് എറണാകുളം ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് 2017ല്‍ മല്‍സരിച്ചിരുന്ന പ്രതി അതും പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. താന്‍ ബ്രിട്ടീഷ് എംപിയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഏകദേശം 22 പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയത്.

ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ ബ്രിട്ടനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ കേരളത്തില്‍ തിരിച്ചെത്തിയത്. അതിന് ശേഷമാണ് തട്ടിപ്പ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സൗത്ത് പോലിസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ലക്‌സണ്‍ ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്തത്. ലക്‌സണ്‍ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള പോലിസ് സംഘം ഇന്നലെ രാത്രിയെത്തി പിടികൂടുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ യൂറോപ്പ് കോ ഓര്‍ഡിനേറ്ററായിരുന്നു ആദ്യകാലത്ത് ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന്‍. മാസങ്ങള്‍ക്ക് മുന്‍പ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് അംഗത്വം നല്‍കിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പത്ത് ദിവസത്തോളം പ്രചാരണത്തിനുമിറങ്ങി. കലാശക്കൊട്ടിലും പങ്കെടുത്തു. 2021ല്‍ ചേരാനല്ലൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡനക്കേസിലും ലക്‌സണ്‍ പ്രതിയാണ്. ഇതിന് പുറമെ യുവതിയുടെ പന്ത്രണ്ട് ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്തു.