കുടിയേറ്റ നിയന്ത്രണം കര്‍ശനമാക്കി ബ്രിട്ടണ്‍; നാലു രാജ്യങ്ങള്‍ക്കെതിരേ എമര്‍ജന്‍സി ബ്രേക്ക്
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ വിസ ചട്ടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ബ്രിട്ടണ്‍. അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, ക്യാമറൂണ്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് വര്‍ക്ക് വിസ നല്‍കുന്നതും രാജ്യം നിര്‍ത്തലാക്കി. സ്റ്റഡി വിസയിലൂടെ രാജ്യത്തെത്തി പിന്നീട് രാഷ്ട്രീയ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര നടപടി. നാലു രാജ്യങ്ങള്‍ക്കെതിരേ ഇത്തരമൊരു 'എമര്‍ജന്‍സി ബ്രേക്ക്' ആദ്യമായാണ് പ്രയോഗിക്കുന്നത്.
2021 മുതല്‍ 2025 വരെ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആഭയ അപേക്ഷകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി ഹോം ഓഫീസ് വ്യക്തമാക്കി. 'യുദ്ധവും പീഡനവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ബ്രിട്ടന്‍ എപ്പോഴും അഭയം നല്‍കും. എന്നാല്‍ വിസ സംവിധാനം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. നമ്മുടെ ഉദാരത ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് വിസ നിഷേധിക്കാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്,' ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കുടിയേറ്റം ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെ കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നത് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനും നിയമവിരുദ്ധമായി എത്തുന്നവരെ വേഗത്തില്‍ നാടുകടത്താനും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ സര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ വിസ നിയന്ത്രണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അതേ ദിവസം തന്നെ അഭയ നിയമങ്ങളില്‍ കൂടുതല്‍ കര്‍ശന ഭേദഗതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. അഭയാര്‍ഥി പദവി ലഭിച്ചവര്‍ക്ക് ഓരോ 30 മാസം കൂടുമ്പോഴും പുനപരിശോധന നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. അഭയം തേടി ബ്രിട്ടനിലേക്ക് എത്തുന്ന പ്രവണത നിരുല്‍സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
