സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി ബ്രിട്ടനും കാനഡയും ആസ്‌ത്രേലിയയും

Update: 2025-09-21 13:55 GMT

ലണ്ടന്‍: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കി ബ്രിട്ടനും കാനഡയും ആസ്‌ത്രേലിയയും. സംയുക്ത പ്രസ്താവനയിലാണ് മൂന്നുരാജ്യങ്ങളും ഇക്കാര്യം അറിയിച്ചത്.പശ്ചിമേഷ്യയിലെ ഭയാനക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനമുണ്ടാവാന്‍ ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമാണെന്ന് യുകെ പ്രധാന മന്ത്രി കീത്ത് സ്റ്റാമര്‍ പറഞ്ഞു.

ഇത് ഹമാസിനുള്ള സമ്മാനമല്ല. ഗസയില്‍ ഹമാസിന് ഭരണത്തില്‍ പങ്കാളിത്തമുണ്ടാവാന്‍ പാടില്ല. വരും ദിവസങ്ങളില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ യുകെ ഉപരോധം കൊണ്ടുവരും. ഗസയിലെ മനുഷ്യനിര്‍മിത ക്ഷാമം പുതിയ ആഴങ്ങളില്‍ എത്തിയിരിക്കുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളും പട്ടിണിയും സഹിക്കാനാവുന്നതല്ല. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റവും നടത്തുന്നു. ദ്വിരാഷ്ട്ര പരിഹാരം ഇല്ലാതാവുമെന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും കീത്ത് സ്റ്റാമര്‍ പറഞ്ഞു.