ബറേലി: മധ്യപ്രദേശിലെ നയാഗോണില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുന്‍ സിആര്‍പിഎഫ് ജവാനായിരുന്ന ദേവേന്ദ്ര സിംഗ് ധാക്ക(35)യാണ് മരിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ രാത്രി ഭോപ്പാല്‍ എയിംസില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.
പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പാലം തകര്‍ന്നുവീണത്. ഈ സമയം പാലത്തിലൂടെ കടന്നുപോവുകയായിരുന്ന രണ്ടു മോട്ടോര്‍ സൈക്കിളുകള്‍ താഴേക്ക് വീണു. നാലു ബൈക്ക് യാത്രക്കാര്‍ക്കും ഒരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഭോപ്പാല്‍ എയിംസിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് അധികൃതര്‍ പാലം പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തില്‍ എംപിആര്‍ഡിസി ബറേലി റീജിയണല്‍ മാനേജര്‍ എ എ ഖാനെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലം തകരാന്‍ കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷം മധ്യപ്രദേശ് നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി.
