ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ കൈക്കൂലി; ചേര്‍ത്തലയില്‍ എംവിഐ വിജിലന്‍സ് പിടിയില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനായി ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി ബിജുവിനെയാണ് ആലപ്പുഴ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനില്‍ നിന്നും പണം വാങ്ങി ബിജുവിന് കൈമാറിയ ഏജന്റ് ജോസും പിടിയിലായിട്ടുണ്ട്. ഇരുവരേയും കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമയുടെ പക്കല്‍ നിന്നു 5,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വീട്ടില്‍ നിന്നു പിടികൂടിയത്. വലിയ തോതില്‍ പണം ആവശ്യപ്പെടുന്നതായി ഇയാള്‍ക്കെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 5.50ഓടെ ബിജു താമസിക്കുന്ന ചേര്‍ത്തല എക്സറേ കവലയിലെ വീട്ടില്‍ വെച്ചാണ് സംഭവം. കൈക്കൂലിയായി കൈമാറിയ 2,500 രൂപയ്‌ക്കൊപ്പം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11,000 രൂപയും പിടിച്ചെടുത്തു. കോട്ടയം ഈസ്റ്റേണ്‍റേഞ്ച് വിജിലന്‍സ് എസ്പി ആര്‍ ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.
വാഹനങ്ങള്‍ റീ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നത്. റീടെസ്റ്റിനു വാഹനങ്ങളുമായി വരുന്നവരെ ഇയാള്‍ നിരന്തരം കാത്തു നിര്‍ത്തിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും പരാതികളുണ്ട്. വാഹനം റീടെസ്റ്റ് ചെയ്യണമെങ്കില്‍ ഏജന്റമാര്‍ തലേ ദിവസം കൈക്കൂലി പണം ഇയാള്‍ക്ക് എത്തിച്ചു നല്‍കണം. പണം നല്‍കാത്തവരുടെ ടെസ്റ്റ് വൈകിപ്പിക്കുന്നതും പതിവായിരുന്നു. ഇതോടെയാണ് പലരും പണം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്. ഡ്രൈവിങ് ടെസ്റ്റിനു കമ്മീഷന്‍ ഇനത്തിലും ഇയാള്‍ പണം വാങ്ങുന്നതായി പരാതിയുണ്ടായിരുന്നു.
ഇരുചക്രവാഹന ലൈസന്‍സിന് 300 രൂപയും നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സിന് 400 രൂപയും ബിജു ഏജന്റുമാരില്‍ നിന്ന് നിര്‍ബന്ധിച്ചു വാങ്ങിയിരുന്നുവെന്നാണ് പരാതി. കൈക്കൂലി തുക നല്‍കാത്ത സ്‌കൂളുകാര്‍ എത്തിക്കുന്നവരെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുമായിരുന്നുവെന്നും ഇക്കാരണത്താല്‍ ഒട്ടുമിക്കവരും പണം നല്‍കിയിരുന്നതായുമാണ് വിവരം. പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു വര്‍ഷങ്ങളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
