'ബ്രേക്കപ്പ് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന കാരണമല്ല'; ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രണയബന്ധം തകര്‍ന്നു(ബ്രേക്കപ്പ് ആയി)എന്നത് ആത്മഹത്യാപ്രേരണയാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി മനോജ് ജെയിന്‍ നിരീക്ഷിച്ചത്. മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം മുന്‍ കാമുകി ആത്മഹത്യചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രതിക്കെതിരേ പ്രേരണക്കുറ്റം ചുമത്തിയത്.
2025 ഒക്ടോബറിലായിരുന്നു സംഭവം. പ്രണയബന്ധം പിരിഞ്ഞതിന് ശേഷം യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നാലെയാണ് മുന്‍ കാമുകി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് യുവതിയുടെ പിതാവ് യുവാവിനെതിരേ പരാതി നല്‍കുകയായിരുന്നു. എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. എന്നാല്‍ വെവ്വേറെ മതങ്ങളില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാര്‍ അവരുടെ പ്രണയബന്ധത്തെ എതിര്‍ത്തു. പിന്നാലെയാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്.
യുവാവ് മറ്റൊരു വിവാഹം കഴിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത് എന്നറിയില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. യുവാവും യുവതിയും പരസ്പരമുള്ള ആശയവിനിമയം അവസാനിപ്പിച്ച തിയ്യതിയും, യുവതി ആത്മഹത്യ ചെയ്ത തിയ്യതിയും തമ്മില്‍ ദിവസങ്ങളുടെ അന്തരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യങ്ങളെല്ലാം മുഖവിലയ്ക്കെടുത്താണ് യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.