'ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്നു': യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ
വാഷിങ്ടണ്‍: ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുന്നുവെന്ന് യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം. ഇന്ന് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, ''ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുന്നു. അത് നമുക്ക് നിര്‍ത്തണം.''-എന്നാണ് അദ്ദേഹം പറഞ്ഞത്.
'നിങ്ങള്‍ക്കറിയാമോ, നോക്കൂ, മോദി പുടിനും ഷി ജിന്‍പിങ്ങിനുമൊപ്പം എന്തിനാണ് ഒരുമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ ഇന്ത്യന്‍ ജനതയോട് വെറുതെ പറയാം. ദയവായി, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക. ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്മണര്‍ ലാഭം കൊയ്യുന്നു. അത് അവസാനിപ്പിക്കണം,''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പീറ്റര്‍ നവാരോയുടെ പരാമര്‍ശങ്ങള്‍. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങി ഇന്ത്യ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. '' ഇന്ത്യയിലെ വന്‍ എണ്ണ ലോബി റഷ്യയുടെ എണ്ണ ശുദ്ധീകരണ കേന്ദ്രമായും എണ്ണ പണമിടപാട് കേന്ദ്രമായും മാറിയിരിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ വില കുറവില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയും സംസ്‌കരിക്കുകയും യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വില്‍ക്കുകയും ചെയ്യുന്നു. നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ മറവില്‍ ഇന്ത്യ ഉപരോധങ്ങള്‍ നേരിടുകയും ചെയ്യുന്നില്ല.''-പീറ്റര്‍ നവാരോ വിമര്‍ശിക്കുന്നു.
