ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പാഠപുസ്തക വിലവര്‍ധന; പ്രതിഷേധവുമായി രക്ഷിതാക്കള്‍

Update: 2026-04-05 08:59 GMT

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയതിനെതിരേ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു. പുസ്തകവില ഇരട്ടിയിലധികം വര്‍ധിപ്പിച്ചതായും, നിര്‍മിത ബുദ്ധി (എഐ) അടിസ്ഥാനപ്പെടുത്തിയ പാഠപുസ്തകങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. വിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. പുതിയ പാഠപുസ്തകങ്ങള്‍ വാങ്ങിയത് നിര്‍ദ്ദിഷ്ട പര്‍ച്ചേസ് മാനുവല്‍ പാലിച്ചാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്‌കൂള്‍ ഫീസില്‍ പ്രതിമാസം രണ്ടു റിയാല്‍ വര്‍ധനയും മാനേജ്‌മെന്റ് അടുത്തിടെ നടപ്പാക്കിയിരുന്നു. ഇതിന് പുറമെ പാഠപുസ്തക വില വര്‍ധനയും വന്നതോടെ പ്രവാസി കുടുംബങ്ങള്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ തൊഴില്‍പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്രവാസികള്‍ക്ക് ഈ നടപടി വലിയ തിരിച്ചടിയായതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ഫീസ് വര്‍ധനക്കെതിരേ മുന്‍പ് നല്‍കിയ പരാതികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.

വേനലവധി വെട്ടിക്കുറച്ചതിലും വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം നിര്‍ത്തലാക്കാനുള്ള നീക്കത്തിലും രക്ഷിതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് യാത്രാസൗകര്യം പിന്നീട് പുനസ്ഥാപിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന തീരുമാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതായി ആരോപിച്ച രക്ഷിതാക്കള്‍, ഫീസ് വര്‍ധനയും പാഠപുസ്തക വില വര്‍ധനയും ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: