കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

Update: 2026-02-14 10:41 GMT

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളംയില്‍ ഇന്ന് രാവിലെ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ഷില്ലോങ്ങിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോയുടെ 6ഇ 3074 വിമാനത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 9.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനുള്ളിലെ ശൗചാലയത്തില്‍ നിന്ന് 'വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട്' എന്ന കുറിപ്പ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് വിവരം വിമാനത്താവള അധികൃതരെ അറിയിച്ചതോടെ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി വിശദമായ പരിശോധന ആരംഭിച്ചു. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനത്തിനുള്ളിലും പരിസരങ്ങളിലും പരിശോധന നടത്തി. യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പൂനെയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലും സമാനമായ രീതിയില്‍ ശൗചാലയത്തില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

തുടര്‍ച്ചയായി ഇത്തരം ഭീഷണികള്‍ ഉയരുന്നത് വിമാനത്താവള സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: