ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: ഉന്നതതല അന്വേഷണം നടത്തണം: പോപുലര്‍ ഫ്രണ്ട്

സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. സ്‌ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്നയുടന്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയും തെളിവുകള്‍ നശിപ്പിക്കാനായി സ്‌ഫോടന സ്ഥലം വെള്ളമൊഴിച്ച് കഴുകുകയും ചെയ്തിരുന്നു.

Update: 2022-01-30 13:58 GMT

കോഴിക്കോട്: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് പയ്യന്നൂര്‍ ഖണ്ഡ് കാര്യവാഹ് കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ ഉഗ്രസ്‌ഫോടനം നടന്നത്.

സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. സ്‌ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്നയുടന്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി ബിജുവിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയും തെളിവുകള്‍ നശിപ്പിക്കാനായി സ്‌ഫോടന സ്ഥലം വെള്ളമൊഴിച്ച് കഴുകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇയാളെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. വിഷയത്തില്‍ ആര്‍എസ്എസിനെ സഹായിക്കുന്ന നിലയിലുള്ള ഇടപെടലുകളാണ് ലോക്കല്‍ പോലിസ് നടത്തുന്നത്.

വളരെ വൈകിയാണ് പോലിസ് സംഭവസ്ഥലത്ത് എത്തുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് ഇടപെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആര്‍എസ്എസിന്റെ ആയുധപ്പുരകള്‍ റെയ്ഡ് നടത്തണം. സംസ്ഥാനത്ത് ഉടനീളം വലിയ കലാപത്തിന് ആര്‍എസ്എസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണ പരിശീലനവും ആയുധശേഖരണവും നടക്കുന്നുണ്ട്. പയ്യന്നൂരിലെ ബോംബ് നിര്‍മാണവും ഇതിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കണം.

സ്‌ഫോടനം നടക്കുമ്പോള്‍ ആര്‍എസ്എസ് നേതാക്കളും നിരവധി പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. ആര്‍എസ്എസും പോഷകസംഘടനകളും സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ തെളിവാണിത്. ഇതിനായി വ്യാപകമായി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ നിര്‍മിക്കുകയും വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കുകയുമാണ്. കഴിഞ്ഞ നവംബറില്‍ മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

ആലപ്പുഴ ചാത്തനാട് ബോംബ് നിര്‍മാണത്തിനിടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍(കണ്ണന്‍) കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ആരോപണം നേരിടുന്ന കണ്ണൂരിലെ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലും സ്‌ഫോടനമുണ്ടായി. പിന്നാലെ കണ്ണൂര്‍ നരിവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ പന്ത്രണ്ട് വയസ്സുകാരനും പരിക്കേറ്റിരുന്നു. ഈ മൂന്ന് സംഭവങ്ങളിലും പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നില്ല. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലന്‍സില്‍ നിന്ന് അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. മുമ്പ് കേരളത്തിലെ സംഘപരിവാര നേതാക്കള്‍ തോക്കുകള്‍ ഉള്‍പ്പടെ വന്‍തോതില്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിരന്തരം ബോംബുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉള്‍പ്പടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഴുവന്‍ ചാരിറ്റി സ്ഥാപനങ്ങളിലും പോലിസ് റെയ്ഡ് നടത്തണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു.

Tags: