രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍

Update: 2025-07-28 14:22 GMT

ചേര്‍ത്തല: പള്ളിപുറത്ത് വീട്ടുവളപ്പില്‍ കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയമ്മ എന്നിവരെ കാണാതായ കേസിലെ പ്രതി സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടുവളപ്പിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ടു തിരോധാനങ്ങളില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കടക്കരപ്പള്ളി പത്മാനിവാസില്‍ പത്മനാഭപിള്ളയുടെ മകള്‍ ബിന്ദു പത്മനാഭനെ(52) കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്റ്റംബറിലാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. ആദ്യം പട്ടണക്കാട് പോലിസും കുത്തിയതോട് സിഐയും തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ നസീമും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താന്‍ കഴിയാതെ വന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.


ബിന്ദു സെബാസ്റ്റ്യന് 2003 മുതല്‍ സെബാസ്റ്റിയനുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പലതവണ ബിന്ദു സെബാസ്റ്റ്യന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തു. ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും അടുപ്പമുണ്ടായിരുന്നത് സെബാസ്റ്റ്യനുമായിട്ടായിരുന്നു.

സെബാസ്റ്റ്യന്റെ ജീവിതപശ്ചാത്തലം ദുരൂഹമാണെന്നും ബിന്ദുവുമായി പരിചയപ്പെടുന്നതിന് മുന്‍പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന സെബാസ്റ്റ്യന്‍ തിരോധാനത്തിനുശേഷം മെച്ചപ്പെട്ട നിലയിലെത്തിയതായും സാക്ഷിമൊഴികളുള്ളതായി െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. വ്യാജരേഖകളുണ്ടാക്കി ബിന്ദു പത്മനാഭന്റെ സ്വത്തുതട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.

വിവിധ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇയാള്‍ നല്‍കിയത് വിരുദ്ധമായ മൊഴികളാണ്. ഇതില്‍ വ്യക്തതവരുത്താന്‍ നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ സിനിമയെ വെല്ലുന്ന കഥകളാണ് സെബാസ്റ്റ്യന്‍ പറയുന്നതെന്ന് പോലിസ് ചൂണ്ടിക്കാട്ടുന്നു.