ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Update: 2025-10-19 11:13 GMT

കോട്ടയം: ഭര്‍ത്താവ് കൊലപ്പെടുത്തിയ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അല്‍പ്പന എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് സോണി കസ്റ്റഡിയിലുണ്ട്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലിസില്‍ പരാതി നല്‍കി മുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സോണി പിടിയിലായത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം.

നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14നാണ് ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയില്‍, ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പോലീസ് ആര്‍പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 14ന് രാവിലെ സോണി ഇളപ്പാനി ജംഗ്ഷന് സമീപത്തുകൂടി ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. എന്നാല്‍,സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സോണി മണ്ണ് നിരപ്പാക്കുന്ന പണിയെടുത്തിരുന്നു. ഈ സ്ഥലം വിജനമാണെന്ന് അയാള്‍ക്ക് അറിവുണ്ടായിരുന്നു. അല്‍പനയെ ഇവിടെയെത്തിച്ച് കരിങ്കല്ലില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ പിറ്റേന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇയാള്‍ ഇവിടെയെത്തി പണിയെടുത്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. അന്വേഷണം തിരിച്ചുവിടാനായി ഇയാള്‍ ഒരു യുവാവിന്റെ പേര് പറയുകയും ഭാര്യ അയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പോലിസിനോട് പറഞ്ഞിരുന്നു.