സ്വയം കഴുത്തു മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ ഉച്ചയ്ക്കാണ് ഭാര്യ വീട്ടില്‍ വച്ച് രാജേന്ദ്രന്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ച് വനത്തിലേക്ക് ഓടിപ്പോയത്

Update: 2025-12-29 17:13 GMT

കണ്ണൂര്‍: കൊട്ടിയൂരില്‍ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌ക്കനെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് സ്വദേശി കച്ചേരിക്കുഴി രാജേന്ദ്രനാണ്(രാജേഷ് 50)മരിച്ചത്. സംഭവത്തില്‍ കൊട്ടിയൂര്‍ പോലിസ് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് ഇയാള്‍ വനത്തിലേക്ക് ഓടിപ്പോയത്. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രന്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം കൊട്ടിയൂര്‍ റിസര്‍വ് വനത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. പിന്നാലെ വനംവകുപ്പും പോലിസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. വനത്തിനകത്ത് ഒന്നരകിലോ മീറ്റര്‍ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഭാര്യ വീട്ടില്‍ വച്ച് അസ്വസ്ഥ പ്രകടിപ്പിച്ച രാജേന്ദ്രന്‍ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. ഇത് തടയാന്‍ ശ്രമിക്കവെയാണ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുന്നതും കൊട്ടിയൂര്‍ റിസര്‍വ് വനത്തിനകത്തേക്ക് ഓടിയതും. ഡ്രോണും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ചുളള പരിശോധനയിലും ആദ്യ ദിനം സൂചനയൊന്നും കിട്ടിയില്ല. രക്തക്കറ പുരണ്ട ടീഷര്‍ട്ട് കണ്ടെടുത്തെങ്കിലും വെളിച്ചക്കുറവും വന്യമൃഗ ശല്യവും കണക്കിലെടുത്ത് തിരച്ചില്‍ നിര്‍ത്തി. ഇന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ആക്രമിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായില്ല. വനത്തില്‍ നിന്ന് പുറത്തെത്തിച്ച മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. കുടുംബ പ്രശ്‌നവും മാനസിക അസ്വാസ്ഥ്യവുമാണ് കഴുത്തു മുറിക്കാന്‍ കാരണമെന്നാണ് പോലിസ് നിഗമനം.