ക്രീറ്റില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; 18 പേര്‍ മരിച്ചു

Update: 2025-12-07 04:06 GMT

ഏതന്‍സ്: മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രീക്ക് ദ്വീപായ ക്രീറ്റിന് സമീപം ബോട്ട് അപകടത്തില്‍പ്പെട്ട് 18 കുടിയേറ്റക്കാര്‍ മരിച്ചു. വായു നിറച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതുവഴി കടന്നുപോയ തുര്‍ക്കി വ്യാപാര കപ്പലാണ് പകുതി മുങ്ങിയ നിലയില്‍ ബോട്ട് കണ്ടെത്തിയത്. രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഗ്രീസില്‍ ഇത്തരം അപകടങ്ങള്‍ പതിവാണ്. തുര്‍ക്കി തീരത്ത് നിന്ന് ചെറിയ ബോട്ടുകളിലോ വായു നിറച്ച ഡിങ്കികളിലോ ആരംഭിക്കുന്ന അപകടകരമായ യാത്രകള്‍ നിരന്തരമായി അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സമീപ മാസങ്ങളില്‍ ലിബിയയില്‍ നിന്ന് ക്രീറ്റിലേക്കുള്ള കുടിയേറ്റ യാത്രകള്‍ വര്‍ധിച്ചതായും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട ബോട്ട് എവിടെ നിന്നാണ് വന്നതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Tags: