ബിഎല്‍ഒയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്, എസ്‌ഐആര്‍ സമയ പരിധി അടിയന്തരമായി നീട്ടിവെക്കണമെന്ന് ബിനോയ് വിശ്വം
ഇനിയും അനീഷ് ജോര്‍ജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് ബിനോയ് വിശ്വം
കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍ ചുമത്തി. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ വോട്ടര്‍പട്ടികയുടെ തീവ്ര പരിശോധനയ്ക്കു നിയോഗിക്കപ്പെട്ട ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷന്റെ കണ്ണു തുറപ്പിക്കേണ്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്‌ഐആര്‍ സമയ പരിധി അടിയന്തരമായി നീട്ടി വെക്കണമെന്നും ഇനിയും അനീഷ് ജോര്‍ജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്നും ബിനോയ് വിശ്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍ രംഗത്തെത്തി. അനീഷ് അനുഭവിച്ച ജോലിസമ്മര്‍ദം വളരെ വലുതായിരുന്നു. തനിക്കു ചെയ്യാന്‍ പറ്റാത്ത തൊഴിലാണ് ഇതെന്നുള്ള ഒരു മാനസികാവസ്ഥ അനീഷിനുണ്ടായിരുന്നു. അതു പിന്നീട് മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതു പറ്റില്ലെന്നും ചെയ്‌തേ തീരൂവെന്നും ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു. അനീഷ് നാട്ടിലെ ചെറുപ്പക്കാരുമായി സഹകരിച്ചുകൊണ്ട് ഈ ഫോം നാട്ടിലെല്ലാം എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷേ അനീഷ് പൊതുവായി ഇറങ്ങി നടന്ന് എല്ലാ വീട്ടിലും പോകുന്ന ചെറുപ്പക്കാരനല്ല. അനീഷ് തന്റെ കുടുംബവുമായി വളരെ അടുത്തു നില്‍ക്കുന്നൊരാളാണ്. ആദ്യമായിട്ടാണ് അനീഷ് ബിഎല്‍ഒയാവുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞു. അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്കു നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി.
തദ്ദേശ തിരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട ഘട്ടത്തില്‍ തന്നെ കേരളത്തില്‍ തീവ്ര പരിശോധനയും അടിച്ചേല്‍പ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മേല്‍ കമ്മീഷന്‍ ചെലുത്തിയ താങ്ങാനാവാത്ത സമ്മര്‍ദ്ദമാണ് ഈ അത്യാഹിതത്തിനു കാരണമായി തീര്‍ന്നിട്ടുള്ളത്. കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഇലക്ഷന്‍ കമ്മീഷന്റെ നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നത് കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു. അതിന്റെ കേരളത്തിലെ ആദ്യത്തെ ബലിയാടാണ് അനീഷ് ജോര്‍ജ് എന്ന യുവ ഉദ്യോഗസ്ഥന്‍. സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് കടുംപിടുത്തം വെടിയാനും രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാനുമുള്ള വിവേകം ഇപ്പോഴെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ കാണിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ സംസ്ഥാന സെക്രട്ടറി കത്തയക്കുകയും ചെയ്തു.
പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒയായ അനീഷ് ജോര്‍ജ് എട്ടികുളം സ്‌കൂളിലെ പ്യൂണ്‍ കൂടിയാണ്. ഇന്നു രാവിലെയാണ് അനീഷിനെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പുറത്തു പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. അനീഷിന്റെ ആത്മഹത്യയില്‍ നാളെ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജോയിന്റ് കൗണ്‍സില്‍. നാളെ എല്ലാ കളക്ടറേറ്റിലും പ്രതിഷേധം നടത്താനാണ് തീരുമാനം.

