എസ്‌ഐആര്‍ ജോലികള്‍ ബഹിഷ്‌കരിച്ച് തമിഴ്‌നാട്ടിലെ ബിഎല്‍ഒമാര്‍
എസ്‌ഐആറിന്റെ ഡിജിറ്റല്‍ വശങ്ങളെക്കുറിച്ച് ഒരു പരിശീലനവും നല്‍കാത്തതിനാല്‍ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബിഎല്‍ഒമാര്‍
ചെന്നൈ: എസ്‌ഐആറിലെ അമിത ജോലിഭാരവും സമ്മര്‍ദവും കാരണം കേരളത്തിനു പിന്നാലെ തമിഴ്‌നാട്ടിലും ബിഎല്‍ഒമാരുടെ പ്രതിഷേധം. എസ്‌ഐആര്‍ ജോലികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ റവന്യൂ ജീവനക്കാരും. നവംബര്‍ 18 മുതല്‍ എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് റവന്യൂ അസോസിയേഷന്‍സ്(ഫെറ)പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, കൂടുതല്‍ ബിഎല്‍ഒമാരെ നിയമിക്കുക, കഠിനമായ ജോലിഭാരം ഇല്ലാതാക്കുക, പരിശീലനത്തിന്റെ അപര്യാപ്തത, ആസൂത്രണത്തിലെ പോരായ്മ, ആവശ്യത്തിനു ജീവനക്കാരില്ല തുടങ്ങിയ ആവശ്യങ്ങളും കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരേ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് എസ്‌ഐആറിന്റെ ഡിജിറ്റല്‍ വശങ്ങളെക്കുറിച്ച് ഒരു പരിശീലനവും നല്‍കാത്തതിനാല്‍ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബിഎല്‍ഒമാര്‍ പറയുന്നു. 'ഞങ്ങളുടെ ദൈനംദിന ജോലിഭാരത്തിനും ഉത്തരവാദിത്തങ്ങള്‍ക്കും പുറമെ ഇത്രയും വലിയൊരു ജോലി കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്'- ചെന്നൈയിലെ ബിഎല്‍ഒമാരില്‍ ഒരാള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ എസ്ഐആറില്‍ ഉള്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും റവന്യൂ വകുപ്പ് ജീവനക്കാരാണ്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍(വിഎഒകള്‍), സര്‍വേയര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഫോമുകള്‍ വിതരണം ചെയ്യാതിരിക്കുകയും സ്വീകരിക്കാതിരിക്കുകയും അവലോകന യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്താണ് ഇവര്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമാകുന്നത്.
തിങ്കളാഴ്ച ചില ജീവനക്കാര്‍ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടേയും ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അര്‍ധരാത്രി വരെ അവലോകന യോഗങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നവംബര്‍ 17വരെ തമിഴ്നാട്ടില്‍ 94.31 ശതമാനം എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്‌തെന്നും അതില്‍ 9.62 ശതമാനം ഡിജിറ്റലൈസ് ചെയ്‌തെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബുള്ളറ്റിനില്‍ പറയുന്നു. നിലവിലുള്ള എസ്‌ഐആര്‍ ഡിസംബര്‍ നാലിന് അവസാനിക്കും.
അതേസമയം, പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം. രാജസ്ഥാനിലും ബിഎല്‍ഒയായിരുന്ന അധ്യാപകന്‍ ആത്മഹത്യ ചെയ്തിരുന്നു. ജയ്പൂരിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡാണ് കടുത്ത ജോലി സമ്മര്‍ദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ജീവനൊടുക്കിയത്. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും സസ്പെന്‍ഷന്‍ ഭീഷണിയുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് മുകേഷ് ജാന്‍ഗിഡ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.

