ഗുജറാത്തില്‍ ബിഎല്‍ഒ കുളിമുറിയില്‍ മരിച്ച നിലയില്‍

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന 26 കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു

Update: 2025-11-25 02:28 GMT

അഹമ്മദാബാദ്: എസ്‌ഐആര്‍ ജോലിസമ്മര്‍ദത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ആത്മഹത്യ ചെയ്യുകയും ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്കിടെ ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു ഡിങ്കല്‍. എസ്ഐആര്‍ പ്രവര്‍ത്തനത്തിനായി ബൂത്ത് ലെവല്‍ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നു. കുളിമുറിക്കുള്ളില്‍ ഗ്യാസ് ഗീസര്‍ ഉണ്ടായിരുന്നെന്നും ഇതില്‍നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പോലിസ് നിഗമനം.

ഡിങ്കലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപോര്‍ട്ട് പുറത്തുവന്നാല്‍ യഥാര്‍ഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിങ്കലിന്റെ വര്‍ക്ക് റിപോര്‍ട്ട് ഏറെ മികച്ചതായിരുന്നെന്നും അവര്‍ എസ്‌ഐആര്‍ ജോലികള്‍ വളരെ വേഗത്തില്‍ ചെയ്തിരുന്നെന്നും ഏല്‍പ്പിച്ച ജോലിയുടെ 45 ശതമാനവും ഇതിനകം പൂര്‍ത്തിയാക്കിയിരുന്നതായും ജോലി സാഹചര്യങ്ങളെ ന്യായീകരിച്ച് ഡെപ്യൂട്ടി കലക്ടര്‍ നേഹ സവാനി പറഞ്ഞു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും കുഴഞ്ഞുവീണു മരിക്കുകയും ചെയ്തത്.