ജമ്മു കാശ്മീരിലെ നൗഗാം പോലിസ് സ്റ്റേഷനിലെ സ്ഫോടനം: മരണസംഖ്യ ഒന്‍പതായി
29 പേര്‍ക്ക് പരിക്കേറ്റു, സ്‌ഫോടനത്തില്‍ സമീപത്തുള്ള വീടുകളും തകര്‍ന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലിസ് സ്റ്റേഷനില്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. 29 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി(എസ്ഐഎ)ഉദ്യോഗസ്ഥര്‍ പരിശോധന സമയത്ത് പോലിസ് സ്റ്റേഷനിലുണ്ടായിരുന്നതായി സൂചനയുണ്ട്. പോലിസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഫരീദാബാദില്‍ നിന്നു പിടികൂടിയ അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലിസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച രാത്രി ഉഗ്ര സ്‌ഫോടനമുണ്ടായത്. ഫോറന്‍സിക്, പോലിസ് ഉദ്യോഗസ്ഥര്‍ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി. സമീപത്തുള്ള വീടുകളും തകര്‍ന്നു.