വനിതാ ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി ഫോണിലെ എസ്ഐആര്‍ വിവരങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കാസര്‍കോഡ്: ഉപ്പളയില്‍ വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി അവരുടെ ഔദ്യോഗിക മൊബൈല്‍ ഫോണിലെ എസ്ഐആര്‍ വിവരങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നുള്ള പരാതിയില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലിസ്. ബിജെപി പ്രവര്‍ത്തകനായ ഇ എസ് അമിത് (34) നെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്.
എസ്ഐആര്‍ ഡാറ്റ ശേഖരണം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിയായ അമിത് യുവതിയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തി തിരെഞ്ഞടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പ് തുറക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. ശേഷം, വിവരങ്ങള്‍ പ്രതിയുടെ ഫോണിലേയ്ക്ക് പകര്‍ത്തി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
അതേസമയം, പരാതി വ്യാജമാണെന്ന് ബിജെപി മേഖല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. പരാതിക്കാരിയായ സുഭാഷിണി സജീവ എല്‍ഡിഎഫ് പ്രവര്‍ത്തകയാണെന്നും രാഷ്ട്രീയ വിരോധം കൊണ്ട് കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് ബിജെപിയുടെ വാദം.