ഗുണ്ടൂര്‍: ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ആന്ധ്രാപ്രദേശ് ബിജെപി പ്രസിഡന്റ് പിവിഎന്‍ മാധവ് ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആഗസ്റ്റ് 5 ചൊവ്വാഴ്ച ഗുണ്ടൂരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പരാമര്‍ശം.
'അടിച്ചമര്‍ത്തലും കൊളോണിയല്‍ ചരിത്രവും' ഇല്ലാതാക്കാനാണ് പേര് മാറ്റുന്നത് എന്നാണ് അവകാശവാദം. മുഹമ്മദ് അലി ജിന്നയുടെ പേരിലുള്ള സ്വാതന്ത്ര്യത്തിനു മുമ്പുള്ള നിര്‍മ്മിതിയാണ് ജിന്ന ടവര്‍.പേരുകളും ചിഹ്നങ്ങളും 'ആധുനികവും ഏകീകൃതവുമായ ഇന്ത്യയുടെ ആത്മാവുമായി' യോജിച്ചതായിരിക്കണമെന്ന് മാധവ് പറഞ്ഞു.
ഗോപുരത്തിന്റെ പേര് മാറ്റുന്ന വിഷയം ബിജെപി ഉന്നയിക്കുന്നത് ഇതാദ്യമല്ല. 2022 ഫെബ്രുവരിയില്‍ ആന്ധ്രാപ്രദേശിലെ ഒരു പ്രധാന നഗര കേന്ദ്രത്തിന് ജിന്നയുടെ പേര് ഉപയോഗിക്കുന്നതിനെതിരേ ബിജെപി സംസ്ഥാന യൂണിറ്റ് രംഗത്തെത്തിയിരുന്നു.