തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍: കമ്മീഷന്‍ ഓഫീസ് മാരാര്‍ജി ഭവനിലാണോയെന്നു വ്യക്തമാക്കണം: സിപിഎ ലത്തീഫ്
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞ സംഭവം അതീവ ഗൗരവകരമാണെന്നും കമ്മീഷന്‍ ഓഫീസ് മാരാര്‍ജി ഭവനിലാണോയെന്നു വ്യക്തമാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി മാറുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് ഈ സംഭവം.
ഇത് വെറും 'സാങ്കേതിക പിശക്' ആണെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം വിശ്വസനീയമല്ല. ഇലക്ടറല്‍ വോട്ടിങ് മെഷീനില്‍ ഏതു ബട്ടണ്‍ അമര്‍ത്തിയാലും താമര വിരിയുന്ന അത്ഭുത പ്രതിമാസം നാം പല തിരഞ്ഞെടുപ്പിലും കണ്ടതാണ്. രാജ്യത്ത് മുമ്പ് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ട് ബിജെപിയ്ക്ക് കിട്ടിയെന്ന വാര്‍ത്ത നാം വായിച്ചിരുന്നു. രണ്ട് ഓഫീസുകളും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സത്യസന്ധവും നിഷ്പക്ഷവുമാകേണ്ടതുണ്ട്. കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബിജെപി സീല്‍ വന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.