പള്ളികളിലും മദ്രസകളിലും സിസിടിവി നിരീക്ഷണം നിര്‍ബന്ധമാക്കണമെന്ന വിവാദപ്രസ്താവനയുമായി ബിജെപി എംപി
ന്യൂഡല്‍ഹി: പള്ളികളിലും മദ്രസകളിലും സിസിടിവി നിരീക്ഷണം നിര്‍ബന്ധമാക്കണമെന്ന് ബിജെപി എംപി അരുണ്‍ ഗോവില്‍. രാജ്യത്തെ എല്ലാ പൊതു, മത സ്ഥാപനങ്ങള്‍ക്കും ഒരേ സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടായിരുന്നു വിവാദ പ്രസ്താവന.
ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ക്യാമറകള്‍ ഇതിനകം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ചില മതസ്ഥലങ്ങള്‍ സുരക്ഷാ ശൃംഖലയ്ക്ക് പുറത്ത് തുടരുന്നത് എന്തുകൊണ്ടാണെന്നും ഗോവില്‍ ചോദിച്ചു.
'സൗദി അറേബ്യയിലെ മുസ്ലീങ്ങളുടെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലും അവിടത്തെ മദ്രസകളിലും സുരക്ഷാ കാരണങ്ങളാല്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ സംവിധാനം അവിടെ സ്വീകരിക്കാന്‍ കഴിയുമെങ്കില്‍, ഇന്ത്യയിലും അതേ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്തുകൊണ്ടാണ് മടിക്കുന്നത്?' എന്നായിരുന്നു ഗോവിലിന്റെ വാദം. എല്ലാ ആരാധനാലയങ്ങള്‍ക്കും ഏകീകൃത സുരക്ഷാ നയം വേണമെന്നും ഗോവില്‍ പറഞ്ഞു.