സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ബിജെപി മന്ത്രിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

Update: 2025-05-15 06:52 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ കേണല്‍ സോഫിയ ഖുറൈശിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. തനിക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കുന്‍വര്‍ വിജയ് ഷാ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ എഫ്ഐആറില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, ഷാക്കെതിരേ നിലപാട് കടുപ്പിക്കുകയായിരുന്നു.

തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നും അതുകൊണ്ട് തനിക്കെതിരേയുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച കോടതി, ഏതുതരം പ്രസ്താവനകളാണ് നിങ്ങള്‍ നടത്തുന്നതെന്നും ഒരു മന്ത്രി അത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമാണോ? എന്നും ചോദിച്ചു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

പഹല്‍ഗാം ആക്രമണത്തെ ഉദ്ധരിച്ചു കൊണ്ട്, രാജ്യം ഒരു സെന്‍സിറ്റീവ് സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍, അതും മന്ത്രിസ്ഥാനത്തിരിക്കുന്ന വ്യക്തി നടത്താന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഉണ്ടായതെന്നും കോടതി ഓര്‍മിപ്പിച്ചു.

സംഭവത്തില്‍ മന്ത്രി ക്ഷമാപണം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നുമായിരുന്നു ഷായുടെ അഭിഭാഷകന്റെ വാദം. അതേസമയം, ഫ്ഐആര്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസ് മെയ് 16 നു വാദം കേള്‍ക്കാന്‍ മാറ്റി.

നിലവില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്നോടെ മന്തിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സോഫിയ ഖുറൈശിയെ 'ഭീകരരുടെ സഹോദരി' എന്നാണ് കുന്‍വാല്‍ വിജയ് ഷാ വിളിച്ചത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.

Tags: