സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തിരുവനന്തപുരത്ത് ബിജെപി നേതാക്കളുടെ കൂട്ട രാജി

നേമം മണ്ഡലം സെക്രട്ടറി, കരമന ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജിവെച്ചു

Update: 2025-11-14 14:18 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയില്‍ തമ്മിലടി. നേമം മണ്ഡലം സെക്രട്ടറി, കരമന ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജിവെച്ചു. മുടവന്‍മുഗള്‍ വാര്‍ഡില്‍ ബിജുകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് വ്യാപക പ്രതിഷേധം. തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയതാണ് ബിജെപിയിലെ പ്രശ്‌നങ്ങള്‍. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടാംഘട്ടത്തിലാണ് മുടവന്‍മുഗള്‍ വാര്‍ഡില്‍ ബിജുകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് നേതാക്കളുടെ കൂട്ടരാജി.

നേമം മണ്ഡലം സെക്രട്ടറി രാജ് കുമാര്‍, കരമന ഏരിയാ വൈസ് പ്രസിഡന്റ് ജി രുദ്രാക്ഷന്‍, ഏരിയാ കമ്മിറ്റിയംഗം അനീഷ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ഥാനം രാജിവെച്ചത്. നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാരോപിച്ചാണ് രാജി. പ്രവര്‍ത്തകരും അണികളും കടുത്ത പ്രതിഷേധത്തിലാണ്. രാജിവെച്ചവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനു താഴെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വലിയ പ്രതിഷേധമാണ് പങ്കുവെക്കുന്നത്. നേമത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഏരിയാ പ്രസിഡന്റ് എം ജയകുമാര്‍ നേരത്തെ രാജി വെച്ചിരുന്നു. ജയകുമാറിനെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിച്ച ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ബിജെപിയില്‍ കൂടുതല്‍ നേതാക്കളുടെ രാജി.