ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനെന്ന് അനുരാഗ് താക്കൂര്‍; വിവാദ പ്രസ്താവന ചര്‍ച്ചയാകുന്നു
ഷിംല: ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയില്‍, മുന്‍ കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ വിവാദ പ്രസ്താവന നടത്തി. ഹിമാചല്‍ പ്രദേശിലെ ഉനയിലെ പിഎം ശ്രീ സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേ, ആദ്യ ബഹിരാകാശ യാത്രികന്‍ 'പവന്‍സുത് ഹനുമാന്‍' ആണെന്ന് താക്കൂര്‍ അഭിപ്രായപ്പെട്ടു.
പരിപാടിക്കിടെ വിദ്യാര്‍ഥികളോട് 'ആദ്യമായി ബഹിരാകാശത്ത് പോയത് ആര്?' എന്ന ചോദ്യമുയര്‍ത്തിയ താക്കൂരിന്, പലരും 'നീല്‍ ആംസ്ട്രോങ്' എന്ന് മറുപടി നല്‍കി. എന്നാല്‍, 'എന്റെ കാഴ്ചപ്പാടില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാനാണ്' എന്നാണ് താക്കൂരിന്റെ മറുപടി. തന്റെ പ്രസ്താവനയെ കുറിച്ചുള്ള വീഡിയോ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചതും 'പവന്‍സുത് ഹനുമാന്‍ ജി ആദ്യത്തെ ബഹിരാകാശ യാത്രികന്‍' എന്ന് അടിക്കുറിപ്പും നല്‍കി.
'നമ്മുടെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള പാരമ്പര്യവും അറിവും മനസ്സിലാക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ബ്രിട്ടീഷുകാര്‍ കാണിച്ച് തന്ന ചരിത്രത്തിന്റെ പരിധിക്കുള്ളില്‍ മാത്രം പഠിച്ചാല്‍, നമ്മുടെ സാംസ്‌കാരിക സമ്പത്തുകളെ കുറിച്ച് അറിവില്ലാതെ തുടരുമെന്നും,' വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ താക്കൂര്‍ പറഞ്ഞു.
അതേസമയം, ചരിത്രപരമായ രേഖകള്‍ പ്രകാരം, ബഹിരാകാശത്ത് ആദ്യം പോയത് സോവിയറ്റ് യൂണിയന്‍ ബഹിരാകാശയാത്രികനായ യൂറി ഗഗാറിനാണ്. 1961 ഏപ്രില്‍ 12നാണ് അദ്ദേഹം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയത്. ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്ട്രോങ് 1969 ജൂലൈ 20നാണ് ചരിത്രം രചിച്ചത്.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ബഹിരാകാശത്ത് എത്തിയത് രാകേശ് ശര്‍മ്മയാണ്. 1984 ഏപ്രില്‍ 2നാണ് അദ്ദേഹം ബഹിരാകാശത്ത് എത്തുന്നത്.
