ബദായൂണ്‍: നിക്ഷേപകരില്‍ നിന്നും 100 കോടി രൂപ തട്ടി ബിജെപി നേതാവ് മുങ്ങി. ബദായൂണ്‍-ബറെയ്‌ലി പ്രദേശത്ത് അമര്‍ജ്യോതി യൂണിവേഴ്‌സ് നിധി ലിമിറ്റഡ് എന്ന കമ്പനി നടത്തിയ സൂര്യകാന്ത് മിശ്ര എന്ന നേതാവാണ് മുങ്ങിയത്. ബാങ്കുകളേക്കാള്‍ കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് ആര്‍ഡിയും എഫ്ഡിയും ഇടീപ്പിച്ചാണ് പണം തട്ടിയത്. ഏകദേശം 15,000 പേരില്‍ നിന്നായാണ് 100 കോടി തട്ടിയത്. വെള്ളിയാഴ്ച പണം പിന്‍വലിക്കാന്‍ ആളുകള്‍ എത്തിയപ്പോഴാണ് ഓഫിസിലെ എസി നീക്കം ചെയ്യുന്നത് കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ ഫര്‍ണീച്ചറുകള്‍ അടക്കം ഓഫിസില്‍ ഇല്ലായിരുന്നു.
ഇതേതുടര്‍ന്ന് നിക്ഷേപകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. നിരവധി സ്ത്രീകള്‍ പൊട്ടിക്കരഞ്ഞാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ബദായൂണിലെ സ്‌റ്റേഷനില്‍ പോയി പരാതി നല്‍കാന്‍ പോലിസ് നിര്‍ദേശിച്ചു. എന്നാല്‍, ബറെയ്‌ലിയില്‍ പോയി പരാതി കൊടുക്കാനാണ് ബദായൂണ്‍ പോലിസ് പറഞ്ഞത്. സ്ഥാപനം സ്ഥിതി ചെയ്യുന്നത് ബറെയ്‌ലി സ്റ്റേഷന്‍ പരിധിയിലാണെന്നാണ് ബദായൂണ്‍ പോലിസ് പറയുന്നത്.
