തൃശൂര്‍: കേരളാ പോലിസില്‍ ബിജെപി അനുഭാവികളുടെ കൂട്ടായ്മകള്‍ ശക്തമാവുന്നതായി റിപോര്‍ട്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കൂട്ടായ്മകളെ ശക്തമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച ചില പോലിസുകാര്‍ക്കാണ് ഇതിന്റെ ചുമതല. കുടുംബ സംഗമങ്ങളുടെ മറവിലാണ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. പോലിസ് അസോസിയേഷന്‍, പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ ഔദ്യോഗിക സംഘടനകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണ് പാനലായി മല്‍സരിക്കാറ്. കോണ്‍ഗ്രസ് പാനലിനോട് ചേര്‍ന്നുനില്‍ക്കുകയാണ് ബിജെപി ചെയ്തിരുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പാനലില്‍ ബിജെപി അനുഭാവികളുണ്ടായിരുന്നതായി ഇടതു പാനല്‍ ആരോപിച്ചിരുന്നു.
കേരള പോലിസിന്റെ നിയന്ത്രണം പിടിക്കാനുള്ള ശക്തിയില്ലെങ്കിലും സ്വാധീനം വര്‍ധിപ്പിക്കുന്നത് പോലിസില്‍ നിരവധി തരം ഇടപെടലുകള്‍ക്ക് സഹായിക്കും. പരാതികള്‍ എത്തുമ്പോള്‍ അതില്‍ രാഷ്ട്രീയ-മത താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഇടപെടാനാവും. 'ഉത്തമ വിശ്വാസത്തിന്റെ' അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന കേസുകളെ ബിജെപി അനുകൂലികളുടെ 'ഉത്തമവിശ്വാസം' സ്വാധീനിക്കും. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള കാരണവും ഈ 'ഉത്തമവിശ്വാസമാണ്'. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ ഹിന്ദുത്വര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കാലത്ത് അവ വിശ്വസിക്കുന്നവര്‍ പോലിസിലുണ്ടാവുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കും.
